സ്വര്‍ണവിലയില്‍ തുടർച്ചയായ ഇടിവ്: രണ്ടു ദിവസത്തിനിടെ 2280 രൂപ കുറവ്
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച നിലയില്‍ മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പവന് 2200 രൂപയുടെ വന്‍ ഇടിവ് അനുഭവപ്പെട്ടതിന് പിന്നാലെ ഇന്ന് കൂടി 80 രൂപ കുറവായി. 72,040 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 9005 രൂപയായി. സ്വര്‍ണവില 75,000 രൂപ കടന്നേക്കാമെന്ന് ആശങ്കയുണ്ടാക്കിയ സാഹചര്യത്തില്‍ തന്നെ വില താഴേക്കാണ് തിരിഞ്ഞത്. ഈ മാസം 12-നാണ് സ്വര്‍ണവില ആദ്യമായി 70,000 രൂപ കടന്നത്. തുടര്‍ന്ന് പത്ത് ദിവസത്തിനുള്ളില്‍ 4000 രൂപയിലധികം വില ഉയർന്നതോടെ 17-നു 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വമാണ് നിലവിലെ വിലയിടിവിനും മുന്‍പത്തെ വര്‍ധനവിനും കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ജനങ്ങള്‍ സ്വര്‍ണത്തിലേക്ക് വലിയ തോതില്‍ മടങ്ങിയതും വില ഉയരാന്‍ കാരണം ആയിരുന്നു.